കോൺഗ്രസ്: ‘പഞ്ചാബ് പ്രതിസന്ധി’ ഉത്തരാഖണ്ഡിലേക്കും വ്യാപിക്കും?

കോൺഗ്രസിന് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ പാർട്ടിക്കകത്ത് പ്രശ്‌നങ്ങൾ രൂക്ഷമാകുന്നത്, ദേശീയ നേതൃത്വത്തെ സംബന്ധിച്ചിടത്തോളം തലവേദനയായിരിക്കുകയാണ്. പ്രശ്‌നങ്ങൾ തീർത്ത് പഞ്ചാബിനെ തങ്ങളുടെ കൈകളിൽ സുരക്ഷിതമാക്കുക, ഉത്തരാഖണ്ഡിലെ ബി.ജെ.പി സർക്കാരിനെ താഴെയിറക്കുക എന്നീ ലക്ഷ്യങ്ങളും നിലവിൽ ഹൈക്കമാന്റിനുണ്ട്. എന്നാൽ, പഞ്ചാബിന്റെ കാര്യത്തിൽ സാഹചര്യങ്ങളെല്ലാം പ്രതികൂലമാകുന്ന കാഴ്ചയാണ് കുറച്ച് നാളുകളായി കാണുന്നത്. മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ രാജിക്ക് പിന്നാലെ പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള സിദ്ധുവിന്റെ രാജിയും പഞ്ചാബ് രാഷ്ട്രീയത്തെ കൂടുതൽ ഇളക്കിമറിച്ചിരിക്കുകയാണ്. അമരീന്ദർ സിംഗ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതും സിദ്ധുവിനെ തങ്ങളുടെ പക്ഷത്തേക്കാനുള്ള ആം ആദ്മി പാർട്ടിയുടെ ശ്രമങ്ങളും ഹൈക്കമാന്റിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഈ പശ്ചാത്തലത്തിലാണ് പഞ്ചാബിന്റെ പാർട്ടി ചുമതലയുള്ള മുതിർന്ന നേതാവ് ഹരീഷ് റാവത്തിനെ വീണ്ടും ഡൽഹിയിലേക്ക് വിളിച്ചിരിക്കുന്നത്. പഞ്ചാബിൽ നടക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്ന വ്യക്തി എന്ന നിലക്ക് ഹരീഷ് റാവത്ത് പഞ്ചാബിലെ കോൺഗ്രസിന്റെ രാഷ്ട്രീയ ഭാവി എന്താണെന്ന് വ്യക്തമാക്കാൻ ബാധ്യസ്ഥനാണെന്നാണ് ഹൈക്കമാന്റ് പറയുന്നത്. മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ പാർട്ടിക്കുള്ളിൽ നടക്കുന്ന പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ പഞ്ചാബ് നഷ്ടമാകും എന്ന ഭയവും കോൺഗ്രസിനുണ്ട്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഹരീഷ് റാവത്തിനെ സംബന്ധിച്ചിടത്തോളം പഞ്ചാബിന് പുറമെ സ്വന്തം സംസ്ഥാനമായ ഉത്തരാഖണ്ഡിനെ കൂടി സംരക്ഷിക്കേണ്ട ഉത്തരവാദിത്വം അദ്ദേഹത്തിനുണ്ട്. നിലവിൽ, പഞ്ചാബിലെ എ.ഐ.സി.സി നേതാവ് എന്നതിന് പുറമെ ഉത്തരാഖണ്ഡിലെ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ ചുമതലക്കാരനുമാണ് അദ്ദേഹം. എന്നാൽ, രണ്ട് സംസ്ഥാനങ്ങളിലേയും പാർട്ടി ചുമതല ഹരീഷ് റാവത്തറിനെ ഏൽപിച്ചതിൽ ചില അമർഷങ്ങൾ ഉയരുന്നുണ്ട്. അതോടൊപ്പം രണ്ട് സംസ്ഥാനങ്ങളിലേയും രാഷ്ട്രീയ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താൻ അദ്ദേഹത്തിന് കഴിയുമോ എന്ന സംശയവും കോൺഗ്രസ് നേതാക്കൾക്കിടയിലുണ്ട്. ഉത്തരാഖണ്ഡിലെ ഹരീഷ് റാവത്തിന്റെ അഭാവം കോൺഗ്രസ് പാർട്ടിയെ ദോഷകരമായി ബാധിക്കുമെന്നും പഞ്ചാബിൽ നടക്കുന്ന രാഷ്ട്രീയ പ്രതിസന്ധി, അദ്ദേഹത്തിന്റെ നേതൃത്വ വൈദഗ്ധ്യത്തെ ചോദ്യം ചെയ്യുന്നുണ്ടെന്നും രാഷ്ട്രീയ വിശകലന വിദഗ്ധനായ ഉദിത് ഗിൽഡിയാൽ പറഞ്ഞു. കൂടാതെ ഉത്തരാഖണ്ഡും പഞ്ചാബും ഒരേസമയം തെരഞ്ഞെടുപ്പ് നേരിടുന്നതിനാൽ, ഹരീഷ് റാവത്തിനെ പഞ്ചാബ് തെരഞ്ഞെടുപ്പിന്റെ ചുമതലക്കാരനാക്കിയത് ആശ്ചര്യകരമാണെന്ന് രാഷ്ട്രീയ വിശകലന വിദഗ്ധൻ ജയ് സിംഗ് റാവത്ത് പറഞ്ഞു. മാത്രമല്ല, ഉത്തരാഖണ്ഡിലെ കോൺഗ്രസ് നേതാക്കളുടെ ഇടയിലെ അപ്രഖ്യാപിത മുഖ്യമന്ത്രി മുഖമാണ് റാവത്ത്, അതിനാൽ തന്നെ ഈ സാഹചര്യത്തിൽ അദ്ദേഹം പഞ്ചാബിലെ കാര്യങ്ങൾ മാത്രം കൈകാര്യം ചെയ്യുന്നത് വലിയ നഷ്ടത്തിന് ഇടവരുത്തുമെന്നും ജയ് സിംഗ് റാവത്ത് കൂട്ടിച്ചേർത്തു. അതേസമയം, തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പാർട്ടിയുടെ മുതിർന്ന അംഗവും ഉത്തരാഖണ്ഡിലെ തെരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ ചെയർമാനുമായ ഹരീഷ് റാവത്തിന്റെ സാന്നിദ്ധ്യം സംസ്ഥാനത്ത് കൂടുതൽ ആവശ്യമാണെന്ന് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സൂര്യകാന്ത് ധസ്മന പറഞ്ഞു. അദ്ദേഹം ഡൽഹിയിലേയും പഞ്ചാബിലേയും രാഷ്ട്രീയ കാര്യങ്ങൾ മാത്രം ശ്രദ്ധിക്കുന്നത്, ഉത്തരാഖണ്ഡിൽ കോൺഗ്രസിന് നേട്ടമുണ്ടാക്കില്ലെന്നാണ് സൂര്യകാന്ത് ധസ്മന അഭിപ്രായപ്പെടുന്നത്. ഓൺലൈൻ മീറ്റിംഗുകളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും മാത്രമാണ് അദ്ദേഹം തന്റെ സാന്നിദ്ധ്യം അറിയിക്കുന്നത്. ഇപ്പോൾ സംസ്ഥാന ഇൻചാർജ് ദേവേന്ദർ യാദവിന്റെ നേതൃത്വത്തിലാണ് പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹരീഷ് റാവത്തിന്റെ സാന്നിദ്ധ്യം സംസ്ഥാന പാർട്ടി നേതൃത്വം ഇപ്പോൾ ആവശ്യപ്പെടുന്നതിൽ മറ്റൊരു വസ്തുത കൂടിയുണ്ട്. ബി.ജെ.പി സർക്കാർ രാഷ്ട്രീയപരമായി ധാരാളം വെല്ലുവിളികളാണ് സംസ്ഥാനത്ത് നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ വർഷം നാല് മാസത്തിനിടെ രണ്ട് മുഖ്യമന്ത്രിമാരെ പാർട്ടി മാറ്റി എന്നതുതന്നെ ബി.ജെ.പി സർക്കാരിന്റെ പരാജയത്തെയാണ് കാണിക്കുന്നത്. കൂടാതെ, കൊവിഡിനെതിരെയുള്ള പോരാട്ടത്തിലും സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളിലും സർക്കാർ പരാജയമാണെന്ന അഭ്യൂഹങ്ങളും പരക്കെ ഉയരുന്നുണ്ട്. ഇതെല്ലാം ഒരു പിടിവള്ളിയാക്കി ഹരീഷ് റാവത്തിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ പ്രചാരണം കൊഴുപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഉത്തരാഖണ്ഡിലെ പാർട്ടി കാര്യങ്ങളിൽ നിന്ന് ഹരീഷ് റാവത്ത് ഒഴിഞ്ഞു നിൽക്കുന്നതായി നേതാക്കൾക്ക് തോന്നാൻ ചില കാര്യങ്ങളുണ്ട്. അതിലൊന്ന്, കോൺഗ്രസിന്റെ പരിവർത്തന യാത്രയുടെ രണ്ടാം ഘട്ടം സെപ്റ്റംബർ 17 ന് ഹരിദ്വാറിൽ നിന്ന് ആരംഭിച്ചെങ്കിലും യാത്രയിൽ പങ്കെടുക്കാനാകാതെ റാവത്തിന് ഡൽഹിയിലേക്ക് പോകേണ്ടിവന്നിരുന്നു. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വളരെ വളക്കൂറുള്ള മണ്ണാണ് ഹരിദ്വാർ. കാരണം, 2017 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ രീതിയിൽ പരാജയപ്പെട്ടെങ്കിലും, ഹരിദ്വാറിൽ മാത്രം പാർട്ടിക്ക് മൂന്ന് സീറ്റാണ് ലഭിച്ചത്. മറ്റൊരു കാര്യം, പഞ്ചാബിന്റെ ചുമതല ഉള്ളതിനാൽ വരുന്ന തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആകാനില്ലെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു എന്നതാണ്. എന്നാൽ, തന്റെ പിന്മാറ്റം ഉത്തരാഖണ്ഡിൽ പഞ്ചാബ് മോഡൽ മുഖ്യമന്ത്രി വരുന്നതിന് വേണ്ടിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. അതായത് സംസ്ഥാനത്ത് ഏകദേശം 18 ശതമാനത്തോളം ദളിതരുണ്ടെന്നും അതിനാൽ ഒരു ദളിത് മുഖ്യമന്ത്രി ആ സ്ഥാനത്ത് വരണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷെ, അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം നേതാക്കളെ രോഷാകുലരാക്കുകയാണ് ഉണ്ടായത്. എന്നാൽ, റാവത്തിന്റെ പെട്ടെന്നുള്ള ദലിത് ശ്രദ്ധ കേന്ദ്രീകരിക്കലിന് പിന്നിൽ ആം ആദ്മി പാർട്ടിയുടെ വളർച്ചയാണ്. പ്രത്യേകിച്ച് ഹരിദ്വാർ, ഉദം സിംഗ് നഗർ എന്നിവിടങ്ങളിൽ. രണ്ട് ജില്ലകളിലെയും ജനസംഖ്യയുടെ 50 ശതമാനത്തോളം ദളിതരും മുസ്ലീങ്ങളും ആണ്. 70 അംഗ നിയമസഭയിലെ 22 സീറ്റുകളിൽ ഇക്കൂട്ടർക്ക് നേരിട്ട് സ്വാധീനവുമുണ്ട്. 2022 -ൽ ഒരു തിരിച്ചുവരവ് ഉറപ്പാക്കണമെങ്കിൽ പാർട്ടി പുതിയ നടപടികൾ സ്വീകരിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ പോലും സമ്മതിക്കുന്ന കാര്യമാണ്. ഈ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുള്ള അദ്ദേഹത്തിന്റെ പിന്മാറ്റത്തെ ഒരു ബുദ്ധിപരമായ നീക്കമായി കണക്കാക്കേണ്ടി വരും. കൂടാതെ, ഉത്തരാഖണ്ഡ് രാഷ്ട്രീയത്തിൽ ശ്രദ്ധ ചെലുത്തുന്നില്ലെന്ന നേതാക്കളുടെ വാദവും തള്ളിക്കളയേണ്ടി വരും. ****

Also Read:  Kovid's third wave coming soon; In what state is it serious? IMA with warning

[Compiled by ഭദ്ര ചന്ദ്രൻ]

Related Articles

Back to top button